ചേർത്തല : തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖ്യാപിച്ചു. ആഗോള അയ്യപ്പ സംഗമം നല്ലതാണ് എന്നാണ് SNDP യുടെ നിലപാടെന്നും ആഗോള തലത്തിൽ അയ്യപ്പന്റെ പ്രസക്തി പ്രചരിപ്പിച്ച് ഭക്തരെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശബരിമലയുടെ വരുമാനം വർധിച്ചാൽ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ വളർച്ചയ്‌ക്ക് കാരണമാകുമെന്നും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയ്‌ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നു പറഞ്ഞ നടേശൻ കേരള ഗവൺമെന്റ് നിലവിൽ സ്ത്രീ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ന്യായീകരിച്ചു. ശബരിമലയിൽ പോകുന്നത് 99 ശതമാനവും കമ്മ്യൂണിസ്റ്റുകളാണെന്നും സ്ത്രീ പ്രവേശനം വേണ്ട എന്നതാണ് SNDP നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ശബരിമലയിൽ വണ്ടികൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നും ഭക്തർക്ക് കിടന്നുറങ്ങാൻ സ്ഥലമില്ലെന്നും അതുകൂടി ഗവൺമെന്റ് പരിഗണിക്കണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സംഗമത്തിൽ പങ്കെടുക്കും. ആരും വിട്ടുനിൽക്കുന്നതു ശരിയല്ലെന്നും പ്രവർത്തനങ്ങളെ പിന്തുണക്കുകയാണു വേണ്ടതെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
“മുൻപ് എന്തുചെയ്തു ചെയ്തില്ല എന്നതിലല്ല ഇപ്പോഴെന്തു ചെയ്യുന്നുവെന്നതിലാണു പ്രസക്തി. ശരിയുടെ പക്ഷത്താണു നിൽക്കേണ്ടത്. ശബരിമലയുടെ പേരും പ്രശസ്തിയും ലോകമാകെയെത്തിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റംവരുത്തില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല. എല്ലാവരും പങ്കെടുക്കുകയാണ് വേണ്ടത്”, വെള്ളാപ്പള്ളി വ്യക്തമാക്കി.















