തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കും. ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുളള ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്യണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്‌ക്കുക.
ഫ്‌ലാഗ് ഓഫിന് ശേഷം പ്രധാനവേദിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവര്‍ണറും കുടുംബവും ഘോഷയാത്ര വീക്ഷിക്കുന്നതാണ് രീതി. പതിവായുളള ഈ രീതി 2022ല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ തെറ്റിയിരുന്നു.
9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്. സർക്കാറുമായുള്ള പോരിനിടെ ഗവർണറെ ക്ഷണിക്കുമോ എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി ഫോണിലൂടെ ഗവർണറെ ക്ഷണിച്ചിരുന്നു. രണ്ടിന് മന്ത്രിമാർ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ ഒരുക്കിയ വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നിരുന്നു.
സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 3 മുതൽ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീൻഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരൻമാർ ഇതിൽ ഭാഗമാകും. വർക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികൾ അരങ്ങേറും.















