ലക്നൗ: സംസ്ഥാനത്തെ പരാതി പരിഹാര പരിപാടിയായ ജനതാദർശനിൽ സ്കൂളിൽ പ്രവേശിക്കണമെന്ന പെൺകുട്ടിയുടെ ആഗ്രഹം സാക്ഷാത്കരിക്കുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൺപൂർ സ്വദേശിനിയായ പെൺകുട്ടിയാണ് സ്കൂൾ പ്രവേശനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
മകൾക്ക് സ്കൂളിൽ അഡ്മിഷൻ ലഭിക്കാത്തതിനാലാണ് തങ്ങൾ ഇവിടെ വന്നതെന്നും മകൾക്ക് സ്കൂളിൽ പോകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഞങ്ങൾക്ക് കൻപൂരിൽ സ്കൂളിൽ പ്രവേശനം ലഭിച്ചിട്ടില്ല. ഇന്ന് മുഖ്യമന്ത്രി ഞങ്ങൾക്ക് അഡ്മിഷൻ ശരിയാക്കി നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വളരെയധികം സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലാണ് പരിപാടി നടന്നത്. കഴിഞ്ഞ ശനിയാഴ്ച സർക്യൂട്ട് ഹൗസിലും ജനതാ ദർശൻ പരിപാടി നടത്തി. നൂറിലധികം താമസക്കാരുടെ പരാതികളാണ് അദ്ദേഹം നേരിട്ട് അറിഞ്ഞത്. പരാതികളിൽ വേഗത്തിൽ പരിഹാരം ഉറപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഓരോ പരാതിക്കാരനെയും മുഖ്യമന്ത്രി സന്ദർശിക്കുകയും അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കമ്മീഷണർ, പൊലീസ് കമ്മീഷണർ, ജില്ലാ മജിസ്ട്രേറ്റ് എന്നിവർ ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറി. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നും തുടർനടപടികളെ കുറിച്ച് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.















