മംഗളൂരു: ധർമ്മസ്ഥലയ്‌ക്കെതിരെ നടന്നത് ‘വളരെ വലിയ ഗൂഢാലോചന’ ആണെന്നും അന്വേഷണം എൻഐഎയ്‌ക്കോ സിബിഐയ്‌ക്കോ കൈമാറണം എന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ എത്രയും വേഗം അന്വേഷണത്തിന് ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക ബിജെപി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.
ഇന്നലെ ബിജെപി നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ ആർ. അശോക്,കർണാടക ബിജെപി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും മഞ്ജുനാഥ ക്ഷേത്രം സന്ദർശിച്ച് അവിടെ പ്രാർത്ഥനകൾ നടത്തി. പിന്നീട്, അവർ ക്ഷേത്രത്തിന്റെ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെയും സന്ദർശിച്ചു . “ജാതിയും മതവും പരിഗണിക്കാതെ, എല്ലാവരും സിബിഐയോ എൻഐഎയോ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നു. ധർമ്മസ്ഥല സംഭവത്തിൽ ഇത് അനിവാര്യമാണ്. ധർമ്മസ്ഥലയിലെ മഞ്ജുനാഥന്റെ എല്ലാ ഭക്തരുടെയും ആവശ്യമാണിത്” ബി വൈ വിജയേന്ദ്ര പറഞ്ഞു.
ധർമ്മസ്ഥലയ്‌ക്കെതിരായ ഗൂഢാലോചനയെയും പ്രചാരണത്തെയും അപലപിക്കുന്നതിനായി ബിജെപി നടത്തുന്ന ‘ധർമ്മസ്ഥല ചലോ’ യാത്രയ്‌ക്ക് മുന്നോടിയായിട്ടായിരുന്നു ക്ഷേത്ര ദർശനവും ധർമാധികാരിയെ സന്ദർശിച്ചതും.
“സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനിടെ ധാരാളം വ്യാജ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. ദേശീയ, അന്തർദേശീയ തലങ്ങളിൽ നടന്ന തെറ്റായ പ്രചാരണം കോടിക്കണക്കിന് ഭക്തരെ അസ്വസ്ഥരാക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. ധർമ്മസ്ഥലയ്‌ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു . ഇടതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് സംസ്ഥാന സർക്കാരിന് മേൽ വലിയ സമ്മർദ്ദമുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ധർമ്മസ്ഥല വിഷയത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിസിഎം ഡികെ ശിവകുമാർ തന്നെ പറഞ്ഞു”. ബി വൈ വിജയേന്ദ്ര ആരോപിച്ചു
ജെഡിഎസ് യുവജന വിഭാഗം പ്രസിഡന്റ് നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ഞായറാഴ്ച സമാനമായ ആവശ്യമുന്നയിച്ച് ധർമ്മസ്ഥലയിൽ ‘ധർമ്മസ്ഥല സത്യയാത്ര’ നടന്നു.















