ക്വെറ്റ: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി (ബിഎൻപി) റാലിക്കിടയിലുണ്ടായ വൻ സ്ഫോടനത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുതിർന്ന ബലൂച് നേതാവ് സർദാർ അത്തൗള്ള മെംഗലിന്റെ നാലാം ചരമവാർഷികാഘോഷ പരിപാടി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാവാനി സ്റ്റേഡിയത്തിന് സമീപം സ്‌ഫോടനം ഉണ്ടായത്.ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കർ മരണസംഖ്യ സ്ഥിരീകരിച്ചു, പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് പറഞ്ഞു.
ബിഎൻപി മേധാവി അക്തർ മെംഗലിനെയും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. മെംഗൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശം വളയുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണോ അതോ ചാവേർ ആക്രമണമാണോ സ്ഫോടനത്തിന് കാരണമായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. ക്വറ്റയിലുടനീളം സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.















