തൃശൂര്‍: എസ്‌ഐയുടെ നേതൃത്വത്തില്‍ യുവാവിനെ തല്ലിച്ചതച്ച ദൃശ്യങ്ങൾ പുറത്ത്. പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് പൊതു പ്രവർത്തകൻ കൂടിയായ യുവാവിനെ സ്റ്റേഷനില്‍ പിടിച്ചു കൊണ്ട് പോയി അതിക്രൂരമായി മര്‍ദ്ദിക്കുന്നത്. 2023ലെ പൊലീസ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏറെ നിയമ പോരാട്ടങ്ങൾ ക്കൊടുവിൽ ഇപ്പോഴാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന രീതിയിൽ പൊലീസ് ക്രൂരത നടമാടിയത്
രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറം ലോകത്ത് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. 2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം.
റോഡരികിൽ നിന്നിരുന്ന യുവാക്കളെ പൊലീസ് അനാവശ്യമായി ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. തുടര്‍ന്നാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നത്. വരുന്ന വഴി ഷര്‍ട്ടടക്കം ഊരിമാറ്റി മൃഗസമാനമായി തല്ലിച്ചതച്ചു.ചെവിയടക്കം ചേർത്ത് കരണത്ത് ശക്തമായി അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട വാശി തീർക്കാൻ എന്നോണം പല പോലീസുകാർ ഇരു കരണതും മാറിമാറി അടിക്കുന്നുണ്ട്.

സ്റ്റേഷനില്‍ എത്തിയപ്പോൾ മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്നു സുജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി കൈ മുട്ടുകൊണ്ട് സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്. മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
പോലീസിന്റെ മർദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും പരിശോധനയിൽ വ്യക്തമായി. ഈ സംഭവത്തിൽ പരാതി നൽകിയപ്പോൾ പൊലീസ് കേസെടുത്തിരുന്നില്ല.















