അമരാവതി: ഗണേശപ്പന്തലിന് സമീപത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ ജഗൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ചരമവാർഷികം ആചരിക്കുന്നതിനിടെയാണ് സംഭവം. ആന്ധ്രാപ്രദേശിലെ എൻടിആറിലുള്ള ഗണേശപന്തലിന് സമീപത്താണ് മാംസാഹാരം വിളമ്പിയത്. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി വിശ്വാസികൾ രംഗത്തെത്തി.
20-ലധികം പേർ ചേർന്നാണ് ഗാന്ധിസെന്ററിൽ പരിപാടി സംഘടിപ്പിച്ചത്. ഗണേശോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 27 മുതൽ ഗണേശവിഗ്രഹം സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദുദേവതകളെ അധിക്ഷേപിക്കുന്ന പ്രവർത്തിയാണ് വൈഎസ്ആർ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഭക്തർ പറഞ്ഞു.
അനുമതിയില്ലാതെയാണ് സ്ഥലത്ത് പരിപാടി നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ പരിപാടി നടത്തുന്നതിനും ഗണേശവിഗ്രഹത്തിന് സമീപം മാംസാഹാരം വിളമ്പുന്നതിനുമെതിരെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും വൈഎസ്ആർ നേതാക്കൾ അവരുടെ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു.















