എറണാകുളം: കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ വ്യവസായിക്ക് നഷ്ടമായത് 25 കോടി രൂപ. കടവന്ത്ര സ്വദേശി നിമേഷിനാണ് ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. 23 അക്കൗണ്ടുകളിൽ നിന്നായി 96 ഇടപാടുകളാണ് നടന്നത്. രാജ്യത്തിന് പുറത്തുള്ള അക്കൗണ്ടുകളിലേക്കും പണം കൈമാറിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
രാജ്യം കണ്ട ഏറ്റവും വലിയ ഷെയർ ട്രേഡിംഗ് തട്ടിപ്പാണ് കൊച്ചിയിൽ നടന്നത്. ഡാനിയൽ എന്ന് പരിചയപ്പെടുത്തിയ ആളാണ് ക്യാപിറ്റാലിക്സ് എന്ന തട്ടിപ്പ് വെബ്സൈറ്റിലേക്ക് നിമേഷിനെ എത്തിച്ചത്. ഇയാളെ പൊലീസ് പ്രതി ചേർത്തെങ്കിലും പേര് തന്നെ വ്യാജമാണെന്ന് കണ്ടെത്തി.
കാലിഫോർണിയയിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വ്യവസായിയെ തട്ടിപ്പുകാർ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയാണ് ആശയവിനിമയം നടന്നത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത തുക തന്നെ ലാഭമായി നൽകുകയും ചെയ്തു. ഇതോടെ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു. പണം നിക്ഷേപിച്ചത് ഒരു ബാങ്കിന്റെ വിവിധ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.















