മംഗളൂരു: ധർമ്മസ്ഥല വ്യാജ പ്രചരണക്കേസിൽ എൻഐഎ അന്വേഷണമാവശ്യപ്പെട്ട് മതനേതാക്കൾ ഡൽഹിയിൽ അമിത് ഷായെ കണ്ടു
‘സനാതൻ സന്ത് നിയോഗ’ത്തിന്റെ നേതൃത്വത്തിൽ കർണാടകയിലെ വിവിധ ആശ്രമങ്ങളിലെ മഠാധിപതികൾ ബുധനാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ധർമ്മസ്ഥല കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായി സംഘാംഗമായിരുന്ന രാജശേഖരാനന്ദ സ്വാമിജി പറഞ്ഞു.
“ധർമ്മസ്ഥല കേസിനെക്കുറിച്ച് ഞങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ഉറപ്പിൽ ഞങ്ങൾ സന്തുഷ്ടരാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്‌ക്കകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഹിന്ദു വിശ്വാസത്തിനും മതത്തിനും ക്ഷേത്രങ്ങൾക്കും ചീത്തപ്പേരുണ്ടാക്കാൻ ഭക്തർക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അമിത് ഷായെ ബോധ്യപ്പെടുത്താൻ ഞങ്ങളുടെ പ്രതിനിധി സംഘം ശ്രമിച്ചു, ” രാജശേഖരാനന്ദ സ്വാമിജി പറഞ്ഞു.















