കൊല്ലം: ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളമിട്ടവർക്കെതിരെ കേസെടുത്ത് പൊലീസ്. ശാസ്താംകോട്ട സ്വദേശിയും മുൻ സൈനികനുമായ ശരതിനെ ഒന്നാം പ്രതിയും നിലവിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന അശോകനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിചിത്രമെന്ന് പറയട്ടെ കലാപശ്രമം അടക്കമുള്ള വകുപ്പുകളാണ് പൂക്കളം ഒരുക്കിയവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂർ എന്ന വാക്ക് ഇല്ലാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂക്കളത്തിൽ കാവി കൊടിവച്ചത് കലാപം സൃഷ്ടിക്കാനാണെന്നും എഫ്ഐആറിൽ പറയുന്നു. പൂക്കളത്തിന് 50 മീറ്റർ അകലെ വച്ചിരിക്കുന്ന ഛത്രപതി ശിവജി മഹാരാജിന്റെ ഫ്ലക്സിന്റെ വിവരങ്ങളും എഫ്ഐആറിലുണ്ട്. രാഷ്‌ട്രീയ സ്വാധീനത്താലാണ് പൊലീസിന്റെ പ്രതികാര നടപടിയെന്ന് വ്യക്തം. സിപിഎം – കോൺഗ്രസ് നേതാക്കളാണ് ക്ഷേത്ര കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്
കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലായാണ് ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പ്രദേശത്തെ യുവാക്കൾ പൂക്കളം ഒരുക്കിയത്. പിന്നാലെ പൂക്കളം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്ഥലത്തെത്തി . പൂക്കളം ഉടൻ മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്നും യുവാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പൂക്കളം മാറ്റില്ലെന്ന നിലപാടിൽ യുവാക്കൾ ഉറച്ചുനിന്നു.
പൊലീസ് ആക്രോശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. പൂക്കളത്തിന്റെ ഡിസൈനിന് പോലും പൊലീസിനെ കാണിച്ച് അനുമതി വാങ്ങണം എന്ന അവസ്ഥ സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.















