കട്ടക്ക്: ഒഡീഷയിലെ മദ്രസയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം 12 കാരനെ കൊലപ്പെടുത്തി. നയാഗഡ് ജില്ലയിലെ ഒരു മദ്രസയിലെയാണ് അതിക്രൂരമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മദ്രസയിലെ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
കട്ടക്ക് സ്വദേശിയാണ് കൊല്ലപ്പെട്ട കുട്ടി. നീലപ്പള്ളിയിലെ മദ്രസിൽ താമസിച്ചായിരുന്നു കുട്ടി പഠിച്ചിരുന്നത്. സീനീയർ വിദ്യാർത്ഥികൾ കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 31 ന് പ്രതികളായ വിദ്യാർത്ഥികൾ ചേർന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. അതിക്രമത്തിനിടെ കുട്ടി മരിച്ചെന്ന് കരുതി ഉപയോഗ ശൂന്യമായ ഒരു സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. രാത്രിയിൽ ബോധം വന്നതോടെ കുട്ടി അവിടെ നിന്നും രക്ഷപ്പെട്ട് മദ്രസയിൽ തിരിച്ചെത്തി. സെപ്തംബർ രണ്ടിനാണ് കൊലപാതകം നടന്നത്. അന്നും സമാനരീതിയിൽ പ്രതികൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പീഡനം വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു.
ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്ന് പ്രതികളുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. 12 നും 15 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മദ്രസ നിന്നും പ്രതികളുടെ ജനന സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡാണ് കേസ് പരിഗണിക്കുന്നത്. പ്രതികളെ അംഗുലിലെ ജുവനൈൽ കറക്ഷണൽ സെന്ററിലേക്ക് മാറ്റി.















