ന്യൂഡൽഹി: ഝാർഖണ്ഡിൽ മാവോയിസ്റ്റും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുതിർന്ന നക്സൽ കമാൻഡർ അമിത് ഹൻസ്ദയാണ് കൊല്ലപ്പെട്ടത്. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ സാരന്ദ വനത്തിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ.
നിരവധി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന കുറ്റവാളിയാണ് അമിത് ഹൻസ്ദ. ജില്ലയിലുടനീളമുള്ള അക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമിതിനെ വധിക്കാനായത് അന്വേഷണസംഘത്തിന്റെ വിജയമാണെന്നും പൊലീസ് പറഞ്ഞു. ഝാർഖണ്ഡ് പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. ഗോയിൽകര പൊലീസ് സ്റ്റേഷന് സമീപത്തെ റെയ്ലപാര വനത്തിലും കുന്നിൻ പ്രദേശങ്ങളിലുമാണ് ഏറ്റുമുട്ടൽ നടന്നത്. വനമേഖലകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് സുരക്ഷാസേനയ്‌ക്ക് ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. സേനയെ കണ്ടതോടെ ഒളിച്ചിരുന്ന മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.















