ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. ലിബറൽ ഡെമോക്രറ്റിക് പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനമാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് രാജിവയ്‌ക്കുന്നത്. നിലവിൽ അദ്ധ്യക്ഷസ്ഥാനമാണ് അദ്ദേഹം രാജിവച്ചത്. അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന വ്യക്തി തന്നെയാണ് പ്രധാനമന്ത്രിയായി തുടരേണ്ടതെന്ന നിയമമുള്ളതിനാൽ വൈകാതെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചേക്കും.
പത്രസമ്മേളനത്തിലാണ് രാജിയെ കുറിച്ച് ഷിഗെരു ഇഷിബ അറിയിച്ചത്. പ്രസിഡന്റ് സ്ഥാനച്ച് നിന്ന് രാജിവയ്‌ക്കാൻ താൻ തീരുമാനിച്ചുവെന്നും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ജൂലൈയിൽ പാർലമെന്റിന്റെ രണ്ട് സഭകളിലും നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുണ്ടായത്. നാളെ തുടർചർച്ചകൾ നടക്കാനിരിക്കുന്ന സമയത്താണ് ഇന്ന് തന്നെ രാജിവയ്‌ക്കാൻ പാർട്ടി ആവശ്യപ്പെട്ടത്. ഷിഗെരു ഇഷിബ പദവിയൊഴിയുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കാനാരിക്കെയാണിത്.
സഹപ്രവർത്തകരായ രണ്ട് മന്ത്രിമാരുമായി ഷിഗെരു ഇഷിബ കൂടിയാലോചിച്ചിരുന്നു. ഈ സമയം രാജിവയ്‌ക്കുന്നത് തന്നെയാണ് ഉചിതമെന്ന് അവർ വ്യക്തമാക്കി. പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് നാളെ തന്നെ പുതിയ ആളെ തെരഞ്ഞെടുക്കും.















