മനാമ: മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ബി.എം.സി ശ്രാവണ മഹോത്സവം 2025-ന് ഓഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് കൊടിയേറ്റത്തോടെ ആരംഭിച്ചു. മുഖ്യാതിഥി ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി അഹമ്മദ് അൽഹയ്ക്കി, വിശിഷ്ടാതിഥികളായി ബഹ്റൈൻ നോർത്ത് ഗവർണറേറ്റിലെ ഹെഡ്ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഹിസ് എക്സലൻസി ഇസാം അൽഖയാത്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, തീഷ് പുത്തൻപുരയിൽ, ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുന്നിലത്ത്, ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോഓഡിനേറ്റർ മണിക്കുട്ടൻ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ കൊടി ഉയർത്തൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുന്നിലത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഖ്യാതിഥി അഹമ്മദ് അൽ ഹെയ്ക്കി ഉദ്ഘാടന പ്രസംഗം നടത്തുകയും ഏവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. ഫ്രാൻസിസ് കൈതാരത്ത് അദ്ധ്യക്ഷ പ്രസംഗത്തിൽ ഏവർക്കും ഓണാശംസകൾ നേരുകയും ശ്രാവണ മഹോത്സവത്തിനായി പ്രവർത്തിക്കുന്ന മുഴുവൻ സംഘാടക സമിതി അംഗങ്ങളെയും അനുമോദിക്കുകയും ചെയ്തു.
തുടർന്ന് ചടങ്ങിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ വിവിധ തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഓണപ്പുടവ വിതരണ ഉദ്ഘാടനം, മുഖ്യാതിഥിയും മറ്റ് അതിഥികളും തൊഴിലാളികൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വയനാട്ടിൽ പ്രവർത്തിക്കുന്ന ലൗഷോർ സാരഥികളായ യു.എ. മുനീർ, അബ്ദുൽ അസീസ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിൽ മിമിക്രി താരങ്ങളായ കെ.എസ്. പ്രസാദ്, സുമേഷ് എന്നിവരെയും മുഖ്യാതിഥി പൊന്നാടയണിയിച്ച് ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ചടങ്ങിന് ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ബിബിൻ വർഗീസ് നന്ദി രേഖപ്പെടുത്തി. ശ്രാവണ മഹോത്സവം 2025 നോടനുബന്ധിച്ച് മുൻവർഷങ്ങളിലെ പോലെ ഒക്ടോബർ 17 വെള്ളിയാഴ്ച ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ നൽകുമെന്നും ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.










