കണ്ണൂർ: പഴയ ലോക്കപ്പ് മർദ്ദനങ്ങൾ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാർത്തയാക്കുകയാണെന്നും ഇത് ആസൂത്രിത മാണെന്നും സിപിഐഎം നേതാവ് ഇ പി ജയരാജൻ. ഇപ്പോൾ പുറത്തു വരുന്ന പൊലീസ് അതിക്രമ വാർത്തകൾ “മുൻപ് നടന്ന ലോക്കപ്പ് മർദ്ദനങ്ങൾ ഇടതുപക്ഷത്തെ തകർക്കാനായി ഇപ്പോൾ നടന്നതുപോലെ ആസൂത്രിതമായി ചിത്രീകരിക്കുകയാണെന്നാണ്” സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറയുന്നത്.
സംസ്ഥാനത്ത് നടമാടുന്ന ഭീകരമായ പൊലീസ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് പരാതികലും വാർത്തകളും പരക്കുന്ന പശ്ചാത്തലത്തിലാണ് ഇപിജയരാജന്റെ പ്രതികരണം.
“ഏകദേശം അഞ്ചാറുമാസം മുൻപ് കുന്നംകുളത്ത് ഒരു കോൺഗ്രസ് പ്രാദേശികനേതാവിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. ആ നേതാവ് ആറുമാസം മുൻപ് എവിടെയായിരുന്നു. എവിടെയെങ്കിലും പരാതികൊടുത്തിട്ടുണ്ടോ.?ഇത് നടക്കുമ്പോൾ പ്രതിപക്ഷനേതാവ് എവിടെയായിരുന്നു, കേരളത്തിലില്ലേ. ഡിസിസി പരാതി നൽകിയിട്ടുണ്ടോ. ഒരു പരാതിയും എവിടെയും കൊടുത്തിട്ടില്ല. എന്നാൽ ആറുമാസത്തിനുശേഷം വലിയ ഭൂകമ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്”, കുന്നംകുളത്ത് പൊതുപ്രവർത്തകനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തെ കുറിച്ചായിരുന്നു ഇ പിയുടെ ഈ പ്രതികരണം.
“ആറുമാസത്തിന് മുൻപാണെങ്കിൽ പോലും കുന്നംകുളം പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനകത്തെ ചില ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ നടപടിയെടുത്തു. നാലുപേരെ സസ്‌പെൻഡ് ചെയ്തു.അതേസമയം കോൺഗ്രസ് ഭരണകാലത്ത് ലോക്കപ്പിൽ ആളുകളെ തല്ലിക്കൊന്നപ്പോൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തത്.”ഇപി കുറ്റപ്പെടുത്തി.
ഇഎംഎസ് അധികാരത്തിൽ വന്നതിനുശേഷമാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ലോക്കപ്പ് മർദനം അവസാനിപ്പിച്ചത് എന്നുംജയരാജൻ അവകാശപ്പെട്ടു. ഇടതുപക്ഷത്തിനുനേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ജനം മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.















