മംഗളൂരു: ധർമ്മസ്ഥല വ്യാജ പ്രചാരണകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ കേരളത്തിൽ നിന്നുള്ള മൂന്ന് യൂട്യൂബർമാർ ഉൾപ്പെടെ ആറ് പേർ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ഹാജരായി.
കേരളത്തിൽ യൂട്യൂബ് ചാനലുകൾ നടത്തുന്ന മനാഫ്, അഭിഷേക്, ജയന്ത് ടി എന്നിവർക്കും ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, വിത്തൽ ഗൗഡ, പ്രദീപ് എന്നിവർക്കും ആയിരുന്നു സമൻസ് അയച്ചതെന്ന് എസ്‌ഐടി അറിയിച്ചു.
യൂട്യൂബർമാരുടെ കണ്ടെന്റും അവർ പലയിടങ്ങളിലായി നടത്തിയ പ്രസ്താവനകളുടെ ഉറവിടങ്ങളും പരിശോധിക്കാൻ അവരെ ചോദ്യം ചെയ്തതായി എസ്‌ഐടി ഉദ്യോഗസ്ഥർ പറഞ്ഞു.അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ആളുകളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ അന്വേഷണങ്ങളുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.















