ശിവമോഗ: അടുത്ത ജന്മത്തിൽ താൻ മുസ്ലീമായി ജനിക്കണമെന്ന് ഭദ്രാവതി കോൺഗ്രസ് എംഎൽഎ ബി.കെ. സംഗമേഷ്. ഈദ് മിലാദ് ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംഘടിപ്പിച്ച രക്തദാന, ആരോഗ്യ പരിശോധനാ ക്യാമ്പിൽ സംസാരിക്കവേയാണ് എം എൽ ഏ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
“ഒരു എംഎൽഎ എന്ന നിലയിൽ ഞാൻ നിങ്ങളുടെ മുന്നിൽ നാല് തവണ സംസാരിച്ചിട്ടുണ്ട്, അതിന് കാരണം എന്റെ മുസ്ലീം സുഹൃത്തുക്കളാണ്. അവസാനം വരെ ഞാൻ നിങ്ങളുടെ കുടുംബത്തിലെ ഒരു മകനായി തന്നെ തുടരും. അടുത്ത ജന്മത്തിൽ ഞാൻ ജനിക്കുകയാണെങ്കിൽ, ഒരു മുസ്ലീമായി ജനിക്കണമെന്നാണ് എന്റെ ആഗ്രഹം. ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ച എല്ലാവർക്കും ഞാൻ വളരെ സ്നേഹത്തോടെ നന്ദി പറയുന്നു.”ബി.കെ. സംഗമേഷ് പറഞ്ഞു.
ഇന്നലെ നടന്ന ഈദ് മിലാദ് ഘോഷയാത്രയിൽ കോൺഗ്രസ് എംഎൽഎ ഇങ്ങിനെ സംസാരിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. അതേസമയം, തന്റെ മകൻ ഗണേഷിനെ അനുഗ്രഹിക്കണമെന്ന് എംഎൽഎ സംഗമേഷ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിലൂടെ, അടുത്ത തിരഞ്ഞെടുപ്പിൽ ഭദ്രാവതിയിൽ നിന്ന് മകൻ ഗണേഷിനെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം സൂചന നൽകി.
എന്നാൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ സംഗമേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. “നിങ്ങളുടെ അടുത്ത ജന്മം വരെ കാത്തിരിക്കരുത്. ഇപ്പോൾ തന്നെ പോകൂ” എന്ന് ശോഭ കരന്ദ്‌ലാജെ സംഗമേഷിനോട് ആവശ്യപ്പെട്ടു. സംഗമേഷ് ജനിച്ച ജാതിയെയും അദ്ദേഹത്തിന്റെ വോട്ടർമാരെയും അപമാനിക്കുകയാണ്. മുസ്ലീങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അവരെ പ്രീണിപ്പിക്കാൻ നിങ്ങൾ എത്രത്തോളം ശ്രമിക്കും? ലിംഗായത്തുകളും പിന്നോക്ക വിഭാഗങ്ങളും ദലിതരും നിങ്ങൾക്ക് വോട്ട് ചെയ്യണം. ഇപ്പോൾ, വിജയിച്ചതിന് ശേഷം, അവർ മുസ്ലീങ്ങളാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു,” ശോഭ കരന്ദ്‌ലാജെ പറഞ്ഞു.















