ന്യൂഡൽഹി: രാജ്യത്തെ 11 വിമാനത്താവളങ്ങളിൽ കൂടി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സംവിധാനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 11 വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ടെർമിനൽ-2 ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നടന്നു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലുള്ള നീണ്ട ക്യൂകൾ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാസ്റ്റ്ട്രാക്ക് ആരംഭിച്ചത്. യാത്രക്കാരുടെ സൗകര്യവും ദേശീയസുരക്ഷയും കൊണ്ടുവരുന്നതിനാണ് ഈ പദ്ധതിയെന്ന് അമിത് ഷാ പറഞ്ഞു. ഏറെ നേരമെടുക്കുന്ന നടപടിക്ക് വെറും 30 സെക്കൻഡ് മാത്രമായിരിക്കും സമയമെടുക്കുക.
ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പദ്ധതി ആരംഭിച്ചത്. അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകളനുസരിച്ച് ആവശ്യമായ വിവരങ്ങൾ കൂടാതെ വിരലടയാളവും മുഖചിത്രവും നൽകണം. ആവശ്യമായ പരിശോധനകൾക്കും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക.
ഇതുവരെ മൂന്ന് ലക്ഷം യാത്രക്കാർ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ, ജെവാർ വിമാനത്താവളങ്ങളിലേക്കും ഈ സംവിധാനം കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.















