റായ്പൂർ: ഛത്തീസ്ഗഢിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ബിജാപൂർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് നിന്ന് തോക്കും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. സിആർപിഎഫിന്റെ കോബ്ര യൂണിറ്റും സംസ്ഥാന പൊലീസിന്റെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് വനമേഖലയിൽ പരിശോധന ആരംഭിച്ചത്. സ്ഥലത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ഛത്തീസ്ഗഢിലെ വനമേഖലകൾ കേന്ദ്രീകരിച്ച് ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. സുരക്ഷാസേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് നേതാവ് ഉൾപ്പെടെ 10 പേരെ വധിച്ചിരുന്നു. പൊലീസ് ഒരു കോടി രൂപ തലയ്‌ക്ക് വിലയിട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം മോദൈം ബാലകൃഷ്ണനാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഐഇഡി സ്ഫോടനത്തിൽ രണ്ട് സൈനികർക്കും പരിക്കേറ്റു.
ആയുധംവച്ച് കീഴടങ്ങുക അതല്ലെങ്കിൽ അതിശക്തമായ നിയമനടപടി നേരിടുക എന്ന മുന്നറിയിപ്പ് നൽകികൊണ്ടാണ് ഛത്തീസ്ഗഢിൽ ഭീകരവിരുദ്ധ പോരാട്ടം നടക്കുന്നത്.















