തിരുവനന്തപുരം: പാറശാല പരശുവയ്‌ക്കലിൽ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സ്ഥാപിച്ച പതാക നശിപ്പിച്ച നിലയിൽ. പെരുവള ഭാഗത്താണ് ഇരുട്ടിന്റെ മറവിൽ അതിക്രമം നടന്നത്. പതാക കെട്ടിയിരുന്ന ഇരുമ്പു കമ്പി അറുത്ത് മാറ്റിയ നിലയിലാണ്. സംഭവത്തിൽ ബാലഗോകുലം സംഘാടകർ പാറശ്ശാല പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രിയാണ് സംഭവം. കഴിഞ്ഞ വർഷങ്ങളിലും സമാനരീതിയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സ്ഥാപിച്ച പതാകകൾ രാത്രിയുടെ മറവിൽ നശിപ്പിച്ചിരുന്നു. അന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ബാലഗോകുലം സംഘാടകർ ചൂണ്ടിക്കാട്ടി.
ഓരോ വർഷവും അതി ഗംഭീരമായാണ് പ്രദേശത്ത് ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്നത്. ജനപങ്കാളിത്തവും വലിയ രീതിയിൽ വർദ്ധിക്കുന്നുണ്ട്. സംഭവത്തിൽ രാഷ്‌ട്രീയ ഇടപെടലുണ്ടോ എന്നും സംശയമുണ്ട്.















