ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഐടി സെല്ലിനെതിരെയും കേസെടുത്തിട്ടുണ്ട്. ബിജെപി ഡൽഹി തെരഞ്ഞെടുപ്പ് സെൽ കൺവീനർ സങ്കേത് ഗുപ്തയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വീഡിയോ പ്രധാനമന്ത്രിയെയും അമ്മയെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. വ്യക്തി അധിക്ഷേപം, സ്ത്രീകളെ അപമാനിക്കൽ, ഡിജിറ്റൽ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ബിഹാറിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രിയെയും അന്തരിച്ച അമ്മയെയും കോൺഗ്രസ് അധിക്ഷേപിച്ചത്. പ്രധാനമന്ത്രിയെയും അമ്മയെയും ഉൾപ്പെടുത്തിയുള്ള വീഡിയോയാണ് കോൺഗ്രസ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചത്. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ബിഹാർ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്.















