ഹോഫ് ഡോർപ്പ് : നെതർലാൻഡിലെ ഇവന്റ് സെന്റർ ഫോക്കറിൽ ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ (ഹാർലമർമീർ മലയാളി അസോസിയേഷൻ). നെതർലാൻഡിലെ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ഓണമാണ് ഹമ്മ സമ്മാനിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഓണാഘോഷം.

രാവിലെ 9.30-ന് ആരംഭിച്ച പരിപാടി, വിവിധ കളികളും കലാപരിപാടികളും സൗഹൃദ സംഗമങ്ങളുമൊക്കെയായി കുടുംബസമേതം പങ്കെടുത്തവരുടെ ഹൃദയങ്ങളിൽ ആനന്ദം നിറച്ചു. ഹമ്മയുടെ മൂന്നാമത്തെ ഓണാഘോഷം ആയതിനാൽ, മുൻ വർഷങ്ങളിലെ പോലെ തന്നെ ഭംഗിയും ആവേശവും പ്രകടമായിരുന്നു.

കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിനോദങ്ങളോടൊപ്പം, കലാ-സാംസ്കാരിക അവതരണങ്ങൾ വേദി നിറഞ്ഞു. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർ അവതരിപ്പിച്ച മനോഹരമായ നൃത്തങ്ങളും മറ്റ് കലാപരിപാടികളും നടന്നു. നിലവിളക്ക് കൊളുത്തി തുടങ്ങിയ ചടങ്ങിൽ, മഹാബലിയുടെ വരവും കലാപരിപാടികളും വേദിയെ അലങ്കരിച്ചു. തുടർന്ന് വേദിക്ക് പുറത്തുനടന്ന വടംവലി മത്സരം പരിപാടിക്ക് പുതുമയും ആവേശവും പകർന്നു.

200-ഓളം പേർ പങ്കെടുത്ത ഓണാഘോഷത്തിൽ, നാട്ടിൽ നിന്ന് കുടുംബങ്ങളെ സന്ദർശിക്കാൻ വന്നിരുന്ന നിരവധി മുതിർന്നവരും പങ്കെടുത്തു. പാരമ്പര്യ രുചികളോടെ മനസിനും വയറിനും നിറവേകുന്ന ഓണസദ്യയാണ് ഒരുക്കിയിരുന്നത്. വൈകുന്നേരം ചായയും കേരളത്തിന്റെ പരമ്പരാഗത പലഹാരങ്ങളും പങ്കെടുത്തവർ ആസ്വദിച്ചു. “ആഘോഷം ഒത്തു ചേർന്നാൽ മാത്രമാണ് അതിന്റെ സൗന്ദര്യം,” എന്ന സന്ദേശം നൽകിക്കൊണ്ട് ഹമ്മ കുടുംബം ഓണാഘോഷം സമാപിച്ചു.
















