കോഴിക്കോട്: രക്തം പുരണ്ട നിലയിൽ സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി ബിഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. കോഴിക്കോട് ബാലുശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം.കിനാലൂർ പാർത്തലയ്‌ക്കൽ ബാബുരാജിന്റെ വീടിന്റെ പിൻഭാഗത്ത് യുവാവിനെ കണ്ടെത്തിയത്.
രാവിലെ ആറു മണിയോടെ വീട്ടുകാർ വാതിൽ തുറന്നപ്പോൾ തറയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു യുവാവ്. ഇയാളുടെ കയ്യിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ജോഡി ഷൂസുമുണ്ടായിരുന്നു. യുവാവിന്റെ തല മുറിവേറ്റ് രക്തം ഒലിക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ യുവാവിനെ തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് എന്തെങ്കിലും അക്രമസംഭവം നടന്നതായി റിപ്പോർട്ടില്ല. കിനാലൂരിലെ ചെരുപ്പ് കമ്പിനിയിലെ ജോലിക്കാരനാണ് ഇയാൾ. മദ്യപിച്ച് വരുന്നതിനിടെ താഴെ വീണ് പരിക്കേറ്റതാകാമെന്നും രക്തം തുടയ്‌ക്കാൻ അടിവസ്ത്രം മോഷ്ടിച്ചെന്നുമാണ് നിഗമനം.















