തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാലമോഷണക്കേസില്‍ പൊലീസ് അന്യായമായി തടവിൽ വെച്ച ബിന്ദു ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നൽകി. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ അപേക്ഷയുണ്ട്. നിലവിൽ എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളില്‍ പ്യൂണായി ബിന്ദു ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്‍റെ പരാതിയിലാണ് ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാല് ദിവസം മുമ്പ് മാത്രമായിരുന്നു ബിന്ദു വീട്ടു ജോലിക്കെത്തിയത്. ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്ത് രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് നിന്ന് തന്നെ കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ അടുത്ത ദിവസം പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.
സ്വർണ മാല സോഫയുടെ അടിയിൽ നിന്നും കിട്ടിയെന്ന കാര്യം ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും എസ്ഐ പ്രസാദിനോട് പറഞ്ഞു.
ബിന്ദുവിനെതിരെ കേസെടുത്തതിനാൽ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്ന് ഇവരോട് എസ്ഐ പറഞ്ഞു. പിന്നീട് മാല ചവർ കൂനയിൽ നിന്നും കിട്ടിയെന്ന് പറയാൻ എസ്ഐ പറഞ്ഞു .















