എറണാകുളം: മൂവാറ്റുപുഴയിൽ ലഹരി മാഫിയ വ്യാപാര സ്ഥാപനത്തിന് തീയിട്ടു. പ്രദേശത്തെ ലഹരി മാഫിയയ്‌ക്കെതിരെ കടയുടമയായ ഷാഹുൽ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഷാഹുലിന്റെ വാഹനവും അക്രമികൾ തീയിട്ട് നശിപ്പിച്ചു.
മൂവാറ്റുപുഴ ആനിക്കാട് ചിറപ്പടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചിക്കൻ സ്റ്റാളും ആക്രിക്കടയും നടത്തുകയാണ് ഷാഹുൽ. സിസിടിവികൾ പ്രവർത്തന രഹിതമാക്കിയ നിലയിലാണ്. വിവരം അറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രിക്കട പൂർണ്ണമായും കത്തിനശിച്ചിരുന്നു.
കഴിഞ്ഞ മാസം 30 നാണ് ഷാഹുൽ തന്റെ കടയ്‌ക്ക് സമീപം ഒരു സംഘം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ച് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ നടപടി കൈക്കൊള്ളാൻ പൊലീസ് തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം.















