ന്യൂഡൽഹി : രാജ്യത്ത് നിന്ന് എല്ലാത്തരം മയക്കുമരുന്നുകളും ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് (എഎൻടിഎഫ്) മേധാവികളുടെ രണ്ടാം ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രവർത്തനത്തിൽ കൂടുതൽ വിജയം കൈവരിക്കുന്നതിന് മയക്കുമരുന്ന് ഭീഷണിക്കെതിരായ സമീപനം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സംഘടിപ്പിക്കുന്ന സമ്മേളനം ഇന്ന് ആരംഭിച്ചു.
രാജ്യത്ത് നിന്ന് മയക്കുമരുന്നു വിപത്ത് ഇല്ലാതാക്കാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഷാ പറഞ്ഞു. 2047 ആകുമ്പോഴേക്കും ഇന്ത്യയെ പൂർണമായി വികസിതവും മഹത്തായതുമായ ഒരു രാഷ്‌ട്രമാക്കുക എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യം പൂർണ്ണമായും സുരക്ഷിതമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
“നിർഭാഗ്യവശാൽ, ആഗോളതലത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന രണ്ട് മേഖലകൾ നമ്മോട് വളരെ അടുത്താണ്. അതിനാൽ, നാം അതിനെ ശക്തമായി ചെറുക്കേണ്ട സമയമാണിത്,” അമിത് ഷാ പറഞ്ഞു.
പൂർണ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുവതലമുറയെ മയക്കുമരുന്നുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഏതൊരു മഹത്തായ രാജ്യത്തിന്റെയും അടിത്തറ അതിന്റെ യുവതലമുറയാണെന്ന് അമിത് ഷാ എടുത്തു പറഞ്ഞു.















