മലപ്പുറം: എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സുകളും കണ്ടെത്തി. എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. 67 കാരനായ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു പൊലീസിന്റെ പരിശോധന. എടവണ്ണ- അരിക്കോട് റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. പാലക്കാട് കഴിഞ്ഞ ദിവസം വെടിയുണ്ടയുമായി യുവാക്കൾ പിടിയിലായിരുന്നു . ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഉണ്ണിക്കമ്മദിലേക്ക് എത്തിയത്. ഗൾഫിലായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത്.

രണ്ട് തോക്കുകൾ കൈവശം വയ്‌ക്കാനുള്ള ലൈസൻസ് ഇയാൾക്കുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതിന്റെ മറവിലാണ് വൻ ആയുധശേഖരം ഇയാൾ സൂക്ഷിച്ചത്. വിൽപ്പനയായിരുന്നു ലക്ഷ്യമെന്നാണ് നിഗമനം. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെടുത്തത്.

ഭാര്യ പിതാവ് എയർ ഗൺ റിപ്പയർ ചെയ്യുന്ന ആളായിരുന്നുവെന്നും ആ ബിസിനസ് താൻ നടത്തുകയാണ് തുടങ്ങി വിശ്വാസയോഗ്യമല്ലാത്ത മൊഴികളാണ് പ്രാഥമികചോദ്യം ചെയ്യലിൽ ഇയാൾ നൽകിയത്. ഇത്രയധികം ആയുധങ്ങൾ എവിടെ നിന്നും ലഭിച്ചതടക്കമുള്ള നിർണ്ണായക വിവരങ്ങൾക്കായി പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യാനായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.















