തിരുവനന്തപുരം: കുസാറ്റിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷൻ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ. ഇതാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും വീമ്പിളക്കുന്ന പുരോഗമനം. ഇത് അഫ്ഗാനിസ്ഥാനിലല്ല, നമ്പർ വൺ കേരളത്തിലാണ് നടക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘ ഇതാണ് നിങ്ങളൊക്കെ പറയുന്ന പുരോഗമനം , സ്ത്രീ സ്വാതന്ത്ര്യം, തുല്യത !!! ഇത് അഫ്ഗാനിസ്ഥാനിലല്ല, നമ്പർ വൺ കേരളത്തിലാണ് ! ഇതാണ് നമ്പർ വൺ കേരളമെന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും വീമ്പിളക്കുന്നത് !’, ടി. പി സെൻകുമാർ ചൂണ്ടിക്കാട്ടി.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഘടിപ്പിച്ച പ്രൊഫ്കോൺ എന്ന പരിപാടിയാണ് വിവാദത്തിലായത്. മതമൗലികവാദികളായ മുജാഹിദിന്റെ കീഴിലാണ് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസെഷൻ പ്രവർത്തിക്കുന്നത്.
ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാണാതിരിക്കാൻ കർട്ടൻ കെട്ടി മറച്ചാണ് പരിപാടി നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റേജിന് സമീപത്തായി ആൺകുട്ടികൾ മുൻനിരയിൽ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. പിന്നിൽ മൂടുപടം കൊണ്ട് മറച്ചിടത്തായി പെൺകുട്ടികളെയും കാണാം. മതം – ശാസ്ത്രം – ധാർമ്മികത എന്ന വിഷയത്തിൽ ക്യാമ്പസ് ഡിബേറ്റ് എന്നാണ് സംഘടനയുടെ നോട്ടീസിൽ പറയുന്നത്.















