ന്യൂഡൽഹി: ഇരുട്ടിന്റെ മറവിൽ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. ആക്രമണം നടത്താൻ മികച്ച സമയം രാവിലെ അഞ്ചിനും ആറിനും ഇടയിലായിരുന്നു. എന്നാൽ ഹവൽപൂരിലും മുറിദ്കെയിലും മുസ്ലീം സഹോദരങ്ങൾ നിസ്കാരത്തിനായി പോകുന്ന സമയമാണത്. ആ സമയത്ത് വ്യോമാക്രമണം നടത്തിയാൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടും. അത് പൂർണ്ണമായും ഒഴിവാക്കാനാണ് അർധരാത്രിയിൽ തിരഞ്ഞെടുത്തതെന്നും അനിൽ ചൗഹാൻ പറഞ്ഞു.
സാധാരണക്കാരുടെ ജീവന് ഹാനി വരാതെ നോക്കേണ്ടതും ഇന്ത്യയുടെ ഉത്തരവാദിത്വമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുട്ടിലും മികവുറ്റ ദൃശ്യങ്ങൾ പകർത്താൻ സേനയ്‌ക്കാകുമെന്ന് തെളിയിക്കാനായെന്നും റാഞ്ചിയിൽ നടന്ന പരിപാടിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിനായി മെയ് 7 എന്ന ദിവസം തെരഞ്ഞെടുക്കാനുള്ള കാരണവും അദ്ദേഹവും വെളിപ്പെടുത്തി. ഈ ദിവസങ്ങളിൽ തെളിഞ്ഞ ആകാശവും ചെറിയ തോതിലുളള മഴയും ഉണ്ടാകുമെന്നാണ് മുൻകൂട്ടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആ ദിവസം തിരഞ്ഞെടുത്തത്. വ്യോമാക്രമണ ശേഷി വിലയിരുത്തിയാണ് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിക്കാനുള്ള തീരുമാനമെടുത്തത്. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ പിൻബലത്തിലാണ് വ്യോമാക്രമണം സാധ്യമായതെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി.















