എറണാകുളം: ആഗോള അയ്യപ്പസംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ഷേത്രത്തിലെ പണം ചെലവിടണമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ കടുത്ത വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്ന ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും യാത്ര, ഭക്ഷണ ചെലവ് എന്നിവക്കായി ക്ഷേത്രഫണ്ടിൽ നിന്നും എന്തിന് ചെലവഴിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ ഈ തീരുമാനം ദൗർഭാഗ്യകരമെന്ന് കോടതി നിരീക്ഷിച്ചു. എന്തിന് ഇത്തരം ഉത്തരവിറക്കിയെന്ന് മലബാർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു.
തുടർന്ന് മലബാർ ദേവസ്വം ബോർഡ്, ദേവസ്വം കമ്മീഷണർ ,സർക്കാർ എന്നീ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി , മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് സ്റ്റേ ചെയ്തു. ഹർജി അടുത്തയാഴ്‌ച്ച വീണ്ടും പരിഗണിക്കും.















