പമ്പ: കോടികൾ ചെലവിട്ട് കൊട്ടിഘോഷിച്ച് പിണറായി സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞു. മൂവായിരം അതിഥികൾ പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അവകാശവാദം. എന്നാൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കേണ്ട ഗതിക്കേടിലായി. ആദ്യത്തെ കുറച്ചു നിരകളിലെ കസേരകളിൽ ഇരിക്കാൻ മാത്രമാണ് ആളുണ്ടായത്. അതാകട്ടെ ഐഡി കാർഡിട്ട സർക്കാർ ജീവനക്കാരും പരിപാടിയുടെ സംഘടകരും. മലയരയ മഹാസഭ ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയാണ്.
സനാതന ധർമ്മത്തെ അവഹേളിച്ച തമിഴ്നാട് മന്ത്രി പികെ ശേഖർബാബു വേദിയിൽ മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. ഡിഎംകെ സനാതന ധർമ്മത്തിന് എതിരാണെന്നായിരുന്നു ശേഖർബാബു മുൻപ് പ്രസ്താവിച്ചത്. ദേവസ്വം മന്ത്രിക്ക് പുറമേ മറ്റ് മന്ത്രിമാരും ഇടത് നേതാക്കളും സദസിൽ ഇടം പിടിച്ചു.
ജർമ്മൻ സാങ്കേതിക വിദ്യയിലാണ് സെൻട്രലൈസ്ഡ് എസി പന്തൽ ഒരുക്കിയത് സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. സദസിൽ ആദ്യ വരികളിൽ വിവിഐപികൾക്കായി ആഢംബര സോഫകൾ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നൽകുന്ന വരവേൽപ്പിന് സമാനമായി പൂക്കൽ നൽകിയും തിലകം ചാർത്തിയുമാണ് അതിഥികളെ സ്വീകരിക്കുന്നത്. ഒപ്പം വായിക്കാൻ പാർട്ടി പത്രമായ ദേശാഭിമാനിയും നൽകുന്നുണ്ട്. അതിഥികളെ ആനയിച്ച് ഇരുത്തിക്കാൻ നിരവധി ജീവനക്കാരുമുണ്ട്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കൈപൊള്ളിയ സർക്കാർ ഏഴ് കോടിയിലധികമാണ് പരിപാടിക്കായി ചെലവിട്ടിരിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് ദേശീയ പത്രങ്ങളിൽ വലിയ പരസ്യം നൽകിയിട്ടുണ്ട്. സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് പരസ്യം.















