പമ്പ: സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ ആകെ പങ്കെടുത്തത് 623 പേർ. ഓൺലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് പറഞ്ഞത്. 4245 പേരാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്. എത്തിയതാകട്ടെ വെറും 623 പേരും.
മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വേദിയിലുണ്ടായിരുന്നവരും സ്ഥലം വിട്ടു. പിന്നീട് ആകെ ബാക്കിയുണ്ടായിരുന്നത് കുറച്ച് സർക്കാർ- ദേവസ്വം ജീവനക്കാരും പൊലീസുകാരും മാദ്ധ്യമപ്രവർത്തകരും മാത്രം. മാസ്റ്റർ പ്ലാൻ ചർച്ചയും അങ്ങേയറ്റം പ്രഹസനമായി.
പരിപാടിയിൽ ജനപങ്കാളിത്തമില്ലെന്ന് ജനം ടിവി രാവിലെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ആളൊഴിഞ്ഞ വേദിയുടെ ദൃശ്യങ്ങളും പുറത്തവിട്ടിരുന്നു. എന്നാൽ ആ സമയത്ത് ജനം ടിവിയുടെ വാർത്തയ്‌ക്ക് താഴെ സൈബർ സഖാക്കൾ കൂട്ടത്തോടെ എത്തി. പിന്നാലെ മറ്റ് മാദ്ധ്യമങ്ങളും ഇത് വാർത്തയാക്കിയതോടെ സൈബർ സഖാക്കളുടെ ഉത്തരംമുട്ടി.
ഏഴ് കോടിയിലധികമാണ് പരിപാടിക്കായി ചെലവഴിച്ചത്. കസേരകൾ നിരത്തി വയ്‌ക്കാനായി ജർമ്മൻ സാങ്കേതിക വിദ്യയിൽ സെൻട്രലൈസ്ഡ് എസി പന്തൽ ഒരുക്കിയത് സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. കോടികളാണ് ഈ വകയിൽ ഊരാളുങ്കലിന് ലഭിച്ചത്. എന്തായാലും കൊട്ടിഘോഷിച്ച് നടത്തിയ പരിപാടി പൊളിഞ്ഞതും ആളൊഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങളും സർക്കാരിന് വലിയ നാണക്കേടായി.















