തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല ഹെലികോപ്റ്റർ സർവീസ് തുടങ്ങാൻ വീണ്ടും നീക്കം തുടങ്ങി സംസ്ഥാന സർക്കാർ. ടൂറിസം വകുപ്പ് വഴി ഹെലികോപ്റ്റർ സർവീസ് തുടങ്ങാനാണ് ശ്രമം നടക്കുന്നത്. ഇതിനായുള്ള ഫയൽ നീക്കം ടൂറിസം വകുപ്പിൽ തുടങ്ങി. ഇതിന്റെ രേഖകൾ ജനം ടിവിക്ക് ലഭിച്ചു.
ഹെലികോപ്റ്റർ സർവീസ് പാടില്ലെന്ന് ഹൈക്കോടതി മുൻപ് വ്യക്തമാക്കിയിരുന്നു. 2022ൽ ഒരു സ്വകാര്യ കമ്പനി ശബരിമലയിലേക്ക് ഹെലികോപ്ടർ സർവീസ് പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ കൂടി പിന്തുണയോടെയായിരുന്നു ഈ നീക്കം. ജനം ടിവി ഇത് വാർത്തയാക്കിയതോടെ ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും ഹെലികോപ്റ്റർ സർവീസ് പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു.
സ്പോൺസർമാരിലൂടെ ശബരിമലയെ വികസിപ്പിക്കണം എന്ന് പറഞ്ഞാണ് പിണറായി സർക്കാർ ആഗോള അയ്യപ്പ സംഗമം നടത്തിയത്. പണത്തിന്റെ അടിസ്ഥാനത്തിൽ ഭക്തരെ വേർതിരിക്കാനും, കോടികൾ സംഭാവന നൽകുന്നവർക്ക് ആഢംബര സൗകര്യങ്ങൾ ഒരുക്കാനുമുളള ദേവസ്വം ബോർഡ് നീക്കത്തിന്റെ രേഖകൾ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. ലോകകേരള സഭയിൽ അംഗങ്ങളായ പ്രവാസികളെ ക്ഷണിച്ചതും പണം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്. ശബരിമലയെ സുഖവാസ കേന്ദ്രമാക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് നിലവിലെ നീക്കമെന്ന് വ്യക്തം. ഭാവിയിൽ ആഢംബര ഹോട്ടൽ അടക്ക കാര്യങ്ങളും സർക്കാരിന്റെ മുന്നിലുണ്ട്.















