ന്യൂഡൽഹി: പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് എം. കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിന് തടയിട്ട് സുപ്രീംകോടതി.
തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നേതാക്കളെ മഹത്വവൽക്കരിക്കാൻ പൊതു ഫണ്ട് എന്തിന് ഉപയോഗിക്കണമെന്ന് കോടതി ചോദിച്ചു. അനുമതി നിഷേധിച്ച് കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
പൊതുസ്ഥലങ്ങളിൽ പ്രതിമകൾ സ്ഥാപിക്കാൻ അനുമതി നൽകിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകാതെ പ്രതിമകൾ സ്ഥാപിക്കാനായി ലിഡേഴ്സ് പാർക്ക് സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീംകോടതി വിധി പ്രതികൂലമായതോടെ തിരുനെൽവേലിയിലെ പൊതുസ്ഥലത്ത് സർക്കാർ ചെലവിൽ പിതാവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സ്റ്റാലിന്റെ വ്യാമോഹം അവസാനിച്ചു.















