ശ്രീനഗർ: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട പാകിസ്ഥാന്റെ പിന്തുണയുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭീകരർക്ക് സഹായം ചെയ്ത യുവാവ് അറസ്റ്റിൽ. കുൽഗാം സ്വദേശിയായ മുഹമ്മദ് യൂസഫാണ് അറസ്റ്റിലായത്. ഭീകരർക്ക് ലോജിസ്റ്റിക്കൽ സഹായം നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ യുവാവിനെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. സൈന്യത്തിന്റെ പ്രത്യേക ദൗത്യമായ ഓപ്പറേഷൻ മഹാദേവിൽ കണ്ടെടുത്ത ആയുധങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. കരാർ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂസഫ് പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഭീകരരുമായി ബന്ധപ്പെടുകയും അവരെ സഹായിക്കുകയും ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പഹൽഗാം ഭീകരാക്രമണത്തിന് മാസങ്ങൾക്ക് മുമ്പ് കുൽഗാമിലെ വനപ്രദേശത്തിലൂടെ സഞ്ചരിക്കാൻ ലഷ്കർ ഭീകരരെ സഹായിച്ചതായി വ്യക്തമായിട്ടുണ്ട്. ഭീകരർക്ക് അഭയം നൽകിയതിനും ലോജിസ്റ്റിക്കൽ സഹായം ചെയ്തതിനും നേരത്തെ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.















