ന്യൂഡൽഹി: ചണ്ഡീഗഢ് വ്യോമസേനാ സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച ഇന്ത്യൻ വ്യോമസേന മിഗ്-21 വിമാനങ്ങൾക്കായുള്ള പൂർണ ഡ്രസ് റിഹേഴ്‌സൽ നടന്നു. 62 വർഷത്തെ സേവനത്തിന് ശേഷം മിഗ്-21 ന്റെ ഔദ്യോഗിക വിരമിക്കൽ ചടങ്ങ് നാളെ ചണ്ഡീഗഢ് വ്യോമസേനാ സ്റ്റേഷനിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡ്രസ് റിഹേഴ്‌സലിൽ അവസാന ദൗത്യം പറത്തി വ്യോമസേനാ മേധാവിയും വിമാനത്തിന് യാത്രപറഞ്ഞു.
ആറ് പതിറ്റാണ്ട് മുൻപാണ് മിഗ്-21 ഇന്ത്യൻ സൈന്യത്തിന്റെ വിശ്വസ്ത സേവകനായി ചുമതലയേറ്റത്. 1963 ൽ ചണ്ഡീഗഢ് ആസ്ഥാനമായുള്ള നമ്പർ 28 സ്ക്വാഡ്രണിന്റെ ഭാഗമായി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനമെന്ന എന്ന പദവിയും മിഗ് സ്വന്തമാക്കി.
നിരവധി യുദ്ധങ്ങളിലും സംഘർഷങ്ങളിലും മിഗ് കരുത്ത് തെളിയിച്ചുണ്ട്. ഇന്ത്യ- പാക് യുദ്ധത്തിനിടെ 1971 ഡിസംബർ 14 ന് ധാക്കയിലെ ഗവർണറുടെ വസതിയിൽ ബോംബ് വർഷിച്ചത് മിഗ് വിമാനങ്ങളായിരുന്നു. മിഖായോൻ-ഗുരേവിച്ചിന്റെ ചുരുക്കെഴുത്താണ് മിഗ്. പഴയ സോവിയറ്റ് യൂണിയനിലാണ് യുദ്ധവിമാനത്തിന്റെ പിറവി. 60-ലധികം രാജ്യങ്ങളിൽ 11,000-ത്തിലധികം മിഗ് വിമാനങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതൽ കാലം ആകാശത്ത് പറന്ന സൂപ്പർസോണിക് ജെറ്റ് എന്ന ഖ്യാതിയും മിഗിനാണ്.















