ബെംഗളൂരു: അന്തരിച്ച മുതിർന്ന എഴുത്തുകാരനും പദ്മഭൂഷണ്‍ ജേതാവുമായ ഡോ എസ് എൽ ഭൈരപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ മൈസൂരുവില്‍ നടക്കും.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 ന് കുവേംപുനഗറിലെ വസതിയിലേക്ക് കൊണ്ടുപോകും. മതപരമായ ചടങ്ങുകൾക്ക് ശേഷം, രാവിലെ 11 മണിക്ക് ചാമുണ്ഡി കുന്നുകളുടെ അടിവാരത്ത് സംസ്ഥാന ബഹുമതികളോടെ അന്ത്യകർമങ്ങൾ നടത്തും.
ഭൈരപ്പയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശേചനം രേഖപ്പെടുത്തി.ബെംഗളുരു കലാക്ഷേത്രയിൽ ആർഎസ്എസ് സഹസർകാര്യവാഹ് സി.ആർ. മുകുന്ദ, ദക്ഷിൺമധ്യ ക്ഷേത്ര കാര്യവാഹ് എൻ. തിപ്പസ്വാമി എന്നിവർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
മൂന്ന് മാസമായി ബെംഗളൂരുവിലെ ജയദേവ മെമ്മോറിയല്‍ രാഷ്‌ട്രോത്ഥാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭൈരപ്പ. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.മൈസൂരുവില്‍ വെച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് 94 വയസ്സായിരുന്നു
“ശ്രീ എസ്.എൽ. ഭൈരപ്പ ജിയുടെ വിയോഗത്തിലൂടെ, നമ്മുടെ മനസ്സാക്ഷിയെ ഉണർത്തുകയും ഇന്ത്യയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്ത ഒരു ഉന്നത വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടത്. നിർഭയനും കാലാതീതനുമായ ചിന്തകനായിരുന്ന അദ്ദേഹം തന്റെ ചിന്തോദ്ദീപകമായ കൃതികളാൽ കന്നഡ സാഹിത്യത്തെ അസാമാന്യ ഉൾക്കാഴ്ചയോടെ സമ്പന്നമാക്കി,” പ്രധാനമന്ത്രി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
“അദ്ദേഹത്തിന്റെ രചനകൾ തലമുറകളെ സമൂഹത്തെക്കുറിച്ച് ചിന്തിക്കാനും, ചോദ്യം ചെയ്യാനും, കൂടുതൽ ആഴത്തിൽ ഇടപഴകാനും പ്രേരിപ്പിച്ചു. നമ്മുടെ ചരിത്രത്തോടും സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ അഭിനിവേശം വരും വർഷങ്ങളിലും മനസ്സുകളെ പ്രചോദിപ്പിക്കുന്നത് തുടരും. ഈ ദുഃഖകരമായ മണിക്കൂറിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി.”അദ്ദേഹം തുടർന്നു പറഞ്ഞു.
ആറ് പതിറ്റാണ്ടിലേറെയുള്ള സാഹിത്യ ജീവിതത്തില്‍ എസ്. എല്‍. ഭൈരപ്പ 25 നോവലുകള്‍ എഴുതി. സ്ത്രീകളുടെ വീക്ഷണകോണിലൂടെയുള്ള രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു അവസാന നോവല്‍. ആദ്യ നോവല്‍ ഭീമകായ 1958ലാണ് പ്രസിദ്ധീകരിച്ചത്.
മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പര്‍വ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകള്‍ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളാണ്. 2010-ല്‍ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാന്‍ അവാര്‍ഡ് നേടി. 2023-ല്‍ രാഷ്‌ട്രം പദ്മഭൂഷണ്‍ സമ്മാനിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ ഓരോ നോവലും ഒന്നിലധികം പതിപ്പുകളായി പുറത്തിറങ്ങി. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ഒന്നിലധികം ഭാരതീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ ബി. വി. കാരന്ത്, ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസരവള്ളി, ടി. എന്‍. സീതാറാം എന്നിവര്‍ ചലച്ചിത്രമാക്കി. മുസ്ലീം ഭരണാധികാരികളെയും മതപരിവര്‍ത്തനത്തെയും തുറന്നുകാട്ടിയ നോവല്‍ അവരാന (2007) വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇത് ആവരണം എന്ന പേരിൽ കുരുക്ഷേത്ര ബുക്ക്സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.















