തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ സാമ്യതയില്ലെന്ന് കണ്ടെത്തി. കുഞ്ഞിന്റെ അമ്മാവനും ഒന്നാം പ്രതിയുമായ ഹരികുമാറിന്റെ ഡിഎൻഎയുമായും സാമ്യതയില്ലെന്നും വ്യക്തമായി. പിന്നാലെ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലക്കാട് കഴിയുന്ന ശ്രീതുവിനെ അവിടെ എത്തിയാണ് ബാലരാമപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അൽപ്പ സമയത്തിനകം കോടതിയിൽ ഹാജരാക്കും
ആദ്യഘട്ടത്തിൽ തന്നെ കുഞ്ഞിന്റെ അമ്മാവനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നു. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സംശയങ്ങൾ നീക്കാനാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതോടെ കുട്ടിയെ ഒഴിവാക്കാൻ ആണ് ക്രൂര കൊലപാതകം എന്ന് നിഗമനത്തിലാണ് പൊലീസ്. ഇത് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
കുഞ്ഞിനെ കൊലപ്പെടുത്തുന്നതിൽ അമ്മയ്‌ക്ക് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. ശ്രീതുവും സഹോദരൻ ഹരികുമാറിന്റെയും വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചത്. ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്നതും ചാറ്റുകളിൽ നിന്നും വ്യക്തമായി. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചത്.















