പത്തനംതിട്ട: ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശക്തി ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിലാണ് കോടതി നടപടി . ഒക്ടോബർ 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. എതിർ കക്ഷികളായ സർക്കാർ, പോലീസ്, പരാതിക്കാരായ അനൂപ് വി ആർ, പ്രദീപ് വർമ്മ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയയ്‌ക്കുകയും ചെയ്തു.ശാന്താനന്ദ മഹർഷിയുടെ മുൻ കൂർ ജാമ്യാപേക്ഷ ഒക്ടോബർ 15ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മതവിദ്വേഷം ആരോപിച്ച് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
എരുമേലിയിൽ അയ്യപ്പന്റെ സുഹൃത്ത് എന്ന നിലയിൽ പറയപ്പെടുന്ന വാവര്‍ മുസ്ലീം ആക്രമണകാരിയെന്നാണ് ശബരിമല സംരക്ഷണ സംഗമത്തില്‍ ശാന്താനന്ദ മഹര്‍ഷി പ്രസംഗിക്കവെ പറഞ്ഞത്. വാവരെ അല്ല ശിവഭൂതഗണമായ വാപുരസ്വാമിയെയാണ് ആരാധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആർ, ഡിവൈ എഫ് ഐ ലോക്കൽ കമ്മിറ്റി അഗം പ്രദീപ് വർമ്മ എന്നിവരാണ് ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ഈ പരാതിയില്‍ പോലീസ് തിടുക്കപ്പെട്ട് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായസംഹിത പുതിയ നിയമപ്രകാരം 299,196 (1B) വിശ്വാസം വൃണപ്പെടുത്തല്‍ രണ്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.















