കരൂർ : കരൂരിൽ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ റാലിയിൽ തിക്കിലും തിരക്കിലും 33 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്. മരിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മരിച്ചവരിൽ 6 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
45 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. ദുരന്തത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കാനാണ് സാധ്യത.
വിജയ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വാനിന് സമീപം ഒരു ജനക്കൂട്ടം തടിച്ചുകൂടി. തുടർന്ന് നിരവധി പേര് ബോധരഹിതരായി വീഴുകയായിരുന്നു. ആംബുലൻസിൽ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരിൽ 2 പേർ മരിച്ചുവെന്നായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ടാം ഘട്ടത്തിൽ ഒരു സ്ത്രീയും 3 കുട്ടികളും ഉൾപ്പെടെ 10 പേർ മരിച്ചുവെന്ന് മന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു.
ബോധരഹിതരായ ആളുകളെ തുടർച്ചയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. അവർക്ക് ചികിത്സയും നൽകുന്നുണ്ട്. സർക്കാർ ആശുപത്രിയിൽ ആംബുലൻസുകൾ നിരനിരയായി എത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്
അതേസമയം, വിജയ് പ്രചാരണം നടത്തുന്ന സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി എന്ന് തമിഴ് പത്രം ദിന തന്തി റിപ്പോർട്ട് ചെയ്യുന്നു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാളെ പുലർച്ചെ കരൂർ സന്ദർശിക്കുമെന്ന് പറയപ്പെടുന്നു.















