കരൂർ: ടിവികെ നേതാവും നടനുമായ ജോസഫ് വിജയ്‌യുടെ തമിഴ്‌നാട്ടിലെ കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. കേന്ദ്രമന്ത്രിമാരായ എൽ. മുരുകൻ, നൈനാർ നാഗേന്ദ്രൻ എന്നിവരും അവർക്കൊപ്പം ഉണ്ടായിരുന്നു.
രാവിലെ 11.10 ഓടെ എത്തിയ മന്ത്രിമാർ, അപകടത്തിൽ പെട്ടവരുടെ പാദരക്ഷകളും മറ്റ് വസ്തുക്കളും ചിതറിക്കിടക്കുന്ന സ്ഥലം പരിശോധിച്ചു.
സംഭവത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും കേന്ദ്രമന്ത്രി സന്ദർശിച്ച് വിവരങ്ങൾ തിരക്കി.അവർ പിന്നീട് കരൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു.
തുടർന്ന്,നിർമല സീതാരാമനും എൽ മുരുകനും തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേർ മരിച്ച ഏമൂർ പുത്തൂർ ഗ്രാമത്തിലേക്ക് പോയി, ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
ഇതുപോലൊരു സംഭവം ഇനി നമ്മുടെ നാട്ടിൽ എവിടെയും നടക്കാൻ പാടില്ലെന്നും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പറഞ്ഞ കാര്യങ്ങൾ പ്രധാനമന്ത്രിയെയും,ആഭ്യന്തരവകുപ്പ് മന്ത്രിയെയും അറിയിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. പരിക്കേറ്റവരെയും,അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെയും കാണുന്നതിനായാണ് എത്തിയത് എന്നും അവർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 111-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം അനുവദിച്ചു.















