വാഷിങ്ടൺ : ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഉണ്ടായആക്രമണത്തിൽ നെതന്യാഹു ഖേദം രേഖപ്പെടുത്തി. സെപ്റ്റംബർ 9-നാണ് ഇസ്രയേൽ ദോഹയിലെ ഹമാസ് ആസ്ഥാനത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഹമാസ് ഉന്നതനായ ഖലീൽ അൽ-ഹയ്യ അടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാസേനാംഗം ബാദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ-ദോസാരിയുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഈ സംഭവത്തിലാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്ഷമ ചോദിച്ചത്. വൈറ്റ് ഹൗസിൽ നിന്ന് നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഖത്തറിന്റെ സ്വാധീനപരിധി ലംഘിച്ചതിനും സുരക്ഷാസേനാംഗം കൊല്ലപ്പെട്ടതിനും നെതന്യാഹു ഖേദം രേഖപ്പെടുത്തിയത്.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആതിഥേയത്വത്തിൽ നെതന്യാഹു ഇപ്പോൾ വൈറ്റ് ഹൗസിൽ ആണുള്ളത്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനും തടവുകാരുടെ മോചനത്തിനുമുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്ഷമാപണം ഉണ്ടായത്.
ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് ഖത്തറിനെ മുൻകൂട്ടി അറിയിച്ചതായി വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം “അത് അടിസ്ഥാനരഹിതം” എന്നായിരുന്നു ദോഹയുടെ മറുപടി. ആക്രമണം തുടങ്ങിക്കഴിഞ്ഞ ശേഷമാണ് അമേരിക്കയിൽ നിന്ന് വിവരം ലഭിച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ദോഹ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് നെതന്യാഹു പ്രതികരിച്ചിരുന്നു. 9/11ന് ശേഷം അമേരിക്ക ചെയ്തതുപോലെ തന്നെയാണ് ഇസ്രയേൽ ചെയ്യുന്നതെന്നും, ഭീകരരെ അവർ ഒളിച്ചിരിക്കുന്നിടത്തുതന്നെ വേട്ടയാടുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.















