കരൂർ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ സംഭവത്തിൽ TVK പാർട്ടിയുടെ കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൺരാജ്, പത്രപ്രവർത്തകനും യൂട്യൂബറുമായ ഫെലിക്സ് ജെറാൾഡ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കരൂർ ദുരന്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ ടി വി കെയിൽ നിന്നുള്ളവരാണ്. അറസ്റ്റിലായവരെ 15 ദിവസത്തെക്ക് റിമാൻഡ് ചെയ്തു. ഇത് കൂടാതെ പത്രപ്രവർത്തകനും യൂട്യൂബറുമായ ഫെലിക്സ് ജെറാൾഡിനെയും അറസ്റ്റ് ചെയ്തു.
കരൂരിലെ വേലുച്ചാമി പുരത്ത് നടൻ വിജയ്‌യുടെ പാർട്ടിയുടെ പ്രചാരണ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ച സംഭവത്തിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമ്മൽ കുമാർ, ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഒരു കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.















