കൊച്ചി: 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളി കൊണ്ടു പോയത് ബെംഗളൂരുവിലേക്ക് എന്ന് റിപ്പോർട്ട്. ബെംഗളൂരുവിൽ ഉണ്ണികൃഷ്ണൻ പോറ്റി ജോലി ചെയ്തിരുന്ന ശ്രീറാംപുറ അയ്യപ്പ ക്ഷേത്രത്തിലും സ്വർണ്ണപ്പാളി എത്തിച്ചെന്ന് വിവരം. ദേവസ്വം ബോർഡ് അംഗത്തിന്റെ ഒത്താശയോടെയാണ് സ്വർണം മോഷ്ടിച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.
ഓൺലൈൻ മാദ്ധ്യമത്തിന്റെ ലിങ്കിലാണ് ഇത് സംബന്ധിച്ച് നിർണ്ണായക വിവരങ്ങളുള്ളത്. 2019 സെപ്തംബർ 14 നാണ് ബെംഗളൂരുവിലെ വെബ് പോർട്ടലിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ബെംഗളുരു വ്യവസായി വിനീത് ജെയിനിന് ശബരിമലയിലെ സ്വർണ്ണപ്പാളി ലഭിക്കുന്നു. വിജയ് മല്യ നൽകിയ പാളിയാണ് ഇതിൽ പറയുന്നത്. വീനീത് ജയിനിനെ ഉദ്ധരിച്ച് കൊണ്ടാണ് വാർത്ത നൽകിയിരിക്കുന്നത്.
എങ്ങനെ സ്വർണ്ണപ്പാളി വിനീത് ജെയിനിൽ എത്തിയെന്ന് വിശദീകരിക്കുന്നത് അതിവിചിത്രമായാണ്. ശബരിമല ദേവസ്വം അംഗത്തിന് സ്വപ്നത്തിൽ അയ്യപ്പ സ്വാമി ദർശനം നൽകി. വിജയ് മല്യ സമർപ്പിച്ച സ്വർണപ്പാളി മാറ്റണം എന്ന് ദർശനത്തിൽ പറഞ്ഞു. പിന്നീട് സ്വർണപ്പാളി മാറ്റാൻ തീരുമാനമായി. അത് ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. അങ്ങനെ പുതിയത് നിർമിക്കാനുള്ള ഉത്തരവാദിത്വം വിനീത് ജെയിനിന് ലഭിച്ചുവെന്നും വാർത്തയിൽ പറയുന്നു.
ശബരിമലയിൽ നിന്നും അഴിച്ചെടുത്ത സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളുരുവിലെ ക്ഷേത്രത്തിൽ എത്തിച്ചു. അവിടെയുള്ള ഭക്തരോട് അയ്യപ്പ സ്വാമിക്ക് ഇത് വേണ്ടെന്നും പുതിയത് നമ്മൾ നൽകണം എന്നും പറയുന്നു. തുടർന്ന് വിനീത് ജെയിനും സംഘവും സ്വർണ്ണപ്പാളിക്ക് പകരം ഹൈദരബാദിൽ ചെമ്പുപാളി ശബരിമലയിൽ എത്തിക്കുന്നു.
വിജയ് മല്യ നൽകിയ സ്വർണപ്പാളി എങ്ങനെ ദേവസ്വം രേഖകളിൽ ചെമ്പ് പാളിയായി എന്നാണ് ദേവസ്വം വിജിലൻസ് അന്വേഷണം നടക്കുന്നത്. പാളികൾ ചെന്നൈയിൽ എത്തിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ഒരുമാസത്തെ സമയം എടുത്ത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്. സ്വർണ്ണപ്പാളി ആര് മോഷ്ടിച്ചു എന്നാണ് ഇനി കണ്ടത്തേണ്ടത്.















