തിരുവനന്തപുരം : വിജയദശമി ദിവസമായ ഇന്ന് “ഹരി ശ്രീ” കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികൾക്ക് വിദ്യാരംഭം നടത്താൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത് . തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം,പനച്ചിക്കാട്, തൃശൂർ തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രം , തിരൂർ തുഞ്ചൻപറമ്പ്, ആറ്റുകാൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ വലിയ തിരക്കാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വിജയദശമി ദിനത്തോട് അനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ ഉണ്ട്.
നവരാത്രിയുടെ അവസാന ദിനമായ വിജയദശമിയിൽ അക്ഷര ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവെയ്‌ക്കുന്നത് കൂടാതെ വാദ്യ-നൃത്ത-സംഗീത കലകള്‍ക്കും തുടക്കം കുറിക്കും. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നുണ്ട്.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിൽ രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കോഴിക്കോട് ചാലപ്പുറത്തുള്ള കേസരി ആസ്ഥാനത്തെ സരസ്വതി മണ്ഡപത്തിന് മുന്നിലും കുരുന്നുകൾ ഹരി ശ്രീ കുറിച്ചു തുടങ്ങി.
രാജ്യസഭാ എം.പി സി. സദാനന്ദൻ മാസ്റ്റർ,മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, തുടങ്ങിയ ആചാര്യൻമാർ ആണിവിടെ കുട്ടികൾക്ക് ഹരി ശ്രീ കുറിക്കുന്നത്.















