റായ്പൂർ: വെടിനിർത്തൽ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിയതിന് പിന്നാലെ ഛത്തീസ്ഗഡിലെ ബിജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. 22 സ്ത്രീകൾ ഉൾപ്പെടെ 103 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. തലയ്‌ക്ക് 1.06 കോടി ഇനാം പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്.

സിപിഐ (മാവോയിസ്റ്റ്) ന്റെ വെടിനിർത്തൽ ആവശ്യം ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആയുധം ഉപേക്ഷിക്കൽ. ഭീകരരുടെ ഒരു ഉപാധിക്കും വഴങ്ങില്ലെന്നും ആയുധം താഴെ വയ്‌ക്കുന്നവർക്ക് നേരെ സുരക്ഷാ സേന ഒരു വെടിയുണ്ട പോലും പ്രയോഗിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതോടെ ജീവഭയമാണ് കൂട്ടത്തോടെയുള്ള കീഴടങ്ങലിന് പിന്നിൽ എന്ന് വ്യക്തം
പൊലീസ് പുറത്തുവിട്ട പട്ടിക പ്രകാരം 18 നും 40 ഇടയിൽ പ്രായമുള്ളവരാണ് ചുവപ്പു ഭീകരത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയത്. റെവല്യൂഷണറി പീപ്പിൾസ് കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി നേതാക്കൾ, മിലിഷ്യ കമാൻഡർമാർ, സിപിഐ (മാവോയിസ്റ്റ്) കേഡർമാർ എന്നിവർ 103 പേരിൽ ഉൾപ്പെടുന്നു. ഇവർക്ക് പ്രാരംഭ സാമ്പത്തിക സഹായമായി 50,000 രൂപ വീതം ലഭിക്കും. കൂടാതെ സൗജന്യമായി വീട്, ആരോഗ്യ സംരക്ഷണം, കൃഷിഭൂമി, മറ്റ് സൗകര്യങ്ങൾ എന്നിവ നൽകും. മാത്രമല്ല കൈത്തൊഴിലുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും ഒരുക്കും. ചെറുകിട ബിസിനസ്സ് ആരംഭിക്കിക്കുന്നവർക്ക് അതിനുള്ള ധനസഹായവും നൽകുന്നുണ്ട്.















