ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡ് നിർമിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ). ലഡാക്കിലെ ലേ ജില്ലയിലെ മിഗ് ലാ ചുരത്തിലാണ് 19,400 അടി ഉയരത്തിൽ റോഡ് നിർമിച്ചത്. ഇതോടെ സ്വന്തം പേരിലുള്ള ഗിന്നസ് റെക്കോർഡ് ബിആർഒ വീണ്ടും തിരുത്തിയെഴുതി.
19,024 അടി ഉയരത്തിൽ ഉംലിംഗ് ലായിൽ ബിആർഒ നിർമിച്ച റോഡായിരുന്നു ഇതിന് മുൻപ് വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ്. ലികാരു-മിഗ് ലാ-ഫുക്ചെ റോഡ് അലൈൻമെന്റിന്റെ ഭാഗമാണ് പുതിയ പാത. കഴിഞ്ഞ ദിവസം പ്രോജക്ട് ഹിമാങ്കിന്റെ ചീഫ് എഞ്ചിനീയർ ബ്രിഗേഡിയർ വിശാൽ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘം മിഗ് ലാ പാസിൽ ഇന്ത്യയുടെയും ബിആർഒയുടെ പതാകകൾ ഉയർത്തി ചരിത്ര നേട്ടം അടയാളപ്പെടുത്തി.
ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ഹാൻലെയെ ഫുക്ചെയുമായി ബന്ധിപ്പിക്കുന്ന പാതയാണ് മിഗ് ലാ പാസ്. ഇന്ത്യൻ പ്രതിരോധ സേനകളെ സംബന്ധിച്ച് തന്ത്രപ്രധാനമാണിവിടം. പുതിയ പാത അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിന് വേഗത പകരും.
ഇന്ത്യയിലെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ബിആർഒയുടെ പ്രവർത്തനം. ദുർഘടമായ മേഖലകളിലും ഗതാഗതം സൗകര്യം വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 മോട്ടോറബിൾ ചുരം റോഡുകളിൽ 11 എണ്ണവും ബിആർഒയുടെ നിർമ്മിതിയാണ്. ഹിമാലയം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ദുർഘടമായ ഭൂപ്രദേശങ്ങളിൽ 60,000 കിലോമീറ്ററിലധികം റോഡുകളും 1000-ലധികം പാലങ്ങളും ബിആർഒ നിർമ്മിച്ചിട്ടുണ്ട്. 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ അടൽ ടണൽ ഒരുക്കിയതും ബിആർഒയാണ്.















