ബെംഗളൂരു: മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. പത്തനംതിട്ടയിലെ തുമ്പമൺ സ്വദേശിയാണ്. 2011-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റോറിയൽ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. പ്രശസ്തമായ ‘പോയിന്റ് ഓഫ് വ്യൂ’ എന്ന എഡിറ്റോറിയൽ രചനയിലൂടെ പ്രശസ്തി നേടി. 25 വർഷത്തോളം സജീവസാന്നിധ്യമായിരുന്ന ടി ജെ എസ് ജോർജ്, എഴുതാത്ത വിഷയങ്ങളില്ല. ‘നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ’ എന്ന തലക്കെട്ടോടുകൂടിയാണ് കോളത്തിന്റെ അവസാന ലക്കം അദ്ദേഹം പൂർത്തിയാക്കിയത്. മൂന്ന് വർഷം മുമ്പായിരുന്നു പത്രപ്രവർത്തനത്തിൽ നിന്ന് അദ്ദേഹം വിടവാങ്ങിയത്.















