ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് നടൻ ജയറാം. പൂജയിൽ പങ്കെടുക്കാൻ സാധിച്ചത് മഹാഭാഗ്യമെന്നാണ് കരുതിയത്. 5 വർഷത്തിനുശേഷം ഇങ്ങനെ ആയി തീരുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു.
അരനൂറ്റാണ്ടായി ശബരിമലയ്‌ക്ക് പോകുന്ന ഭക്തനാണ്. പൂജയ്‌ക്കായി വിളിച്ചപ്പോൾ ഭാഗ്യമെന്നാണ് കരുതിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് അമ്പത്തൂരിലെ കമ്പനിയിൽ നടത്തിയ പൂജയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് വിളിച്ച് കാര്യങ്ങൾ ചോദിച്ചിരുന്നു. എപ്പോൾ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് പറഞ്ഞിട്ടുണ്ട്. അയ്യപ്പന്റെ കാര്യമായതിനാൽ നമ്മൾ കൂടെ നിൽക്കണം.
സത്യം തെളിയണമെന്നും ജയറാം പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അനുഭവിച്ച് തന്നെ തീർക്കണം. അയ്യപ്പന്റെ ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കേണ്ടി വരും. മുകളിൽ ഇരുന്ന് അദ്ദേഹം ഇതെല്ലാം കാണുന്നുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു.















