പാലക്കാട്: ഒമ്പതുവയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ പ്രസീത. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പ്രസീത പറഞ്ഞു. സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
“മകളുടെ നില ഗുരുതരമായി തുടരുകയാണ്. മുറിവുണ്ടെന്ന് ആദ്യമേ ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. അതിലൊന്നും കാര്യമില്ലെന്ന് പറഞ്ഞാണ് ഓയിൻമെന്റ് പുരട്ടിയത്. മുറിവിൽ നിന്നും ചോര വന്നുകൊണ്ടിരുന്നു. 25-ാം തീയതി ആശുപത്രിയിൽ പോയി മകൾക്ക് വേദനയുണ്ടെന്ന് പറഞ്ഞിരിന്നു. കൈവിരലുകൾ അനക്കാൻ സാധിക്കാത്ത കാര്യവും ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു”.
മകളുടെ കൈ അനക്കാൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ കൈ അനക്കുമ്പോൾ മകൾക്ക് വേദനയുണ്ടായിരുന്നു. എല്ലിന് പൊട്ടലുണ്ടായതുകൊണ്ടാണ് വേദന ഉണ്ടായതെന്നാണ് ആശുപത്രി ജീവനക്കാർ പറഞ്ഞത്. ആശുപത്രി ജീവനക്കാർ അവരുടെ ഭാഗം സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. കൈയ്യിൽ ഇൻഫെക്ഷനുള്ളതിനാൽ ഐസിയുവിൽ തന്നെയാണ് കുട്ടി തുടരുന്നതെന്നും പ്രസീത പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്നാണ് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയത്. കളിക്കുന്നതിനിടെ വീണുപരിക്കേറ്റ കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റാൻ കാരണമായത്.















